ന്യൂഡൽഹി: പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗിനിയയിൽ തടവിലാക്കപ്പെട്ട മലയാളികൾ ഉൾപ്പെടുന്ന നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തോടൊപ്പം പോകണമെന്നാണ് ഗിനിയയുടെ ആവശ്യം. ഇതിനിടെ തങ്ങളുടെ മോചനത്തിനായി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്ന നാവികരുടെ പുതിയ വീഡിയോ പുറത്തുവന്നു. തങ്ങളെ രക്ഷിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതാണ് വീഡിയോ.
“കപ്പലിലുള്ള എല്ലാവരും മാനസികമായും ശാരീരികമായും തകർന്നു. ദയവായി ഞങ്ങളുടെ പ്രശ്നത്തിൽ ഗൗരവമായി ഇടപെടുക. ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ, നൈജീരിയൻ നാവികസേനയുടെ ഒരു കപ്പൽ കാത്തിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. എത്രയും വേഗം ഞങ്ങളുടെ മോചനത്തിനായി സർക്കാർ ഇടപെടണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു.
കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ ഇവിടെ തടവിലാണ്. നൈജീരിയയിലേക്ക് കൊണ്ടുപോകാൻ അനുവദിക്കരുത്. എങ്ങനെയെങ്കിലും രക്ഷിക്കണം,” പുറത്തുവന്ന വീഡിയോയിൽ കപ്പലിലെ ആളുകൾ പറഞ്ഞു.