തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ, 24 മണിക്കൂറും സ്കാനിംഗ് സൗകര്യം ഉറപ്പാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ മൂന്ന് സിടി സ്കാനിംഗ് മെഷീനുകളും ഒരു എംആർഐ മെഷീനും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. സ്കാനിംഗിനുള്ള കാലതാമസം കുറയ്ക്കുകയും കഴിയുന്നത്ര ആളുകൾക്ക് സേവനം നൽകുകയും വേണം. അത്യാഹിത വിഭാഗത്തിലെ മാമോഗ്രാമിന്റെയും എക്സ്റേ മെഷീനിന്റെയും പ്രവർത്തനം യോഗം പ്രത്യേകം വിലയിരുത്തി. സ്കാനിംഗ് റിപ്പോർട്ടുകൾ സമയബന്ധിതമായി ലഭ്യമാക്കണം. അത്യാഹിത വിഭാഗം നിരന്തരം പരിശോധിക്കണമെന്നും പോരായ്മകൾ ഉടൻ പരിഹരിച്ച് അച്ചടക്കത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു. ഐപി രോഗികൾക്ക് സിടി സ്കാനിംഗ് പൂർണ്ണമായും ലഭ്യമല്ലെന്ന പരാതിയെ തുടർന്ന് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിച്ച് പരാതി പരിഹരിച്ചു. ഇന്നലെ രാത്രിയാണ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു സന്ദർശനം.