ന്യൂഡൽഹി: ഡൽഹിയിൽ ഒരു യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 34കാരന് വിദേശയാത്രാ ചരിത്രമില്ല. അടുത്തിടെ ഹിമാചൽ പ്രദേശിലെ മണാലിയിൽ നടന്ന ഒരു പാർട്ടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതോടെ രാജ്യത്ത് മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച ബാക്കി മൂന്ന് കേസുകളും കേരളത്തിലാണ്.
ഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അദ്ദേഹം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോൾ അത് പോസിറ്റീവ് ആയി മാറി.
കേരളത്തിൽ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾ യു.എ.ഇയിൽ നിന്നും ബാക്കിയുള്ള രണ്ടുപേർ ദുബായിൽ നിന്നും വന്നവരാണ്. മങ്കിപോക്സ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തിൽ ഇതിനെ ചെറുക്കാൻ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ 74 രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്.