ലണ്ടൻ: നിലവിൽ ലണ്ടൻ ജയിലിൽ കഴിയുന്ന നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും. നാടുകടത്തലിനെതിരെ നീരവ് മോദി നല്കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി. നീരവ് മോദിയെ ലണ്ടനിൽ നിന്ന് മുംബൈയിലെ ആർതർ റോഡിലെ ജയിലിലേക്ക് കൊണ്ടുവരുന്നതിൽ ചില തടസങ്ങൾ കൂടിയുണ്ടെന്നാണ് വിവരം.
ഹൈക്കോടതി വിധിക്കെതിരെ 14 ദിവസത്തിനകം നീരവ് മോദിക്ക് യുകെയിലെ സുപ്രീം കോടതിയെ സമീപിക്കാം. എന്നാൽ, കേസിൽ പൊതുപ്രാധാന്യമുള്ള ഒരു നിയമവശം ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി അംഗീകരിച്ചാൽ മാത്രമേ നീരവിന് ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ കഴിയൂ.
2019 മാർച്ചിലാണ് നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായത്. 11,000 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ നീരവ് മോദിയെ 2019 ഡിസംബറിൽ പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.