തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടി വെട്ടിയ മുഗൾ ഭരണത്തിന്‍റെയും ഗുജറാത്ത് കലാപത്തിന്‍റെയും ചരിത്രം കേരളം സിലബസിൽ നിന്ന് ഒഴിവാക്കില്ല. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് സർക്കാർ എസ്.സി.ഇ.ആർ.ടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
രാഷ്ട്രീയതാത്പര്യം മുന്‍നിര്‍ത്തി എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ പഠിപ്പിക്കാമെന്ന് വ്യക്തമാക്കി സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും. എസ്.സി.ഇ.ആർ.ടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. ചരിത്രത്തിന്‍റെയും പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളുടെയും ഭാഗങ്ങൾ പഠിപ്പിക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പഠിപ്പിച്ചാലും ഇല്ലെങ്കിലും, ഒഴിവാക്കിയ പാഠങ്ങളിൽ നിന്ന് പരീക്ഷയ്ക്ക് ചോദ്യങ്ങൾ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ് എന്നിങ്ങനെ ഒമ്പത് വിഷയങ്ങളാണ് എന്‍.സി.ഇ.ആര്‍.ടി സിലബസ് പിന്തുടരുന്നത്. ഈ പുസ്തകങ്ങളിലെ 30 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചെങ്കിലും കേരളം തീരുമാനമെടുത്തില്ല.