Spread the love

തിരുവനന്തപുരം: ഐടി അധിഷ്ഠിത സ്കൂൾ വിദ്യാഭ്യാസത്തിൽ കേരളം ദേശീയ മികവ് കൈവരിച്ചു. വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ, ഇന്‍റർനെറ്റ്, പ്രൊജക്ടറുകൾ എന്നിവ നൽകുന്നതിൽ കേരളം മികച്ച മുന്നേറ്റം നടത്തിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. 2021-22 വർഷത്തെ വിദ്യാഭ്യാസത്തിനായുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ (യുഡിഎസ്ഇ) അവലോകന റിപ്പോർട്ടിലാണ് വിലയിരുത്തൽ.

സ്കൂളുകളിൽ കമ്പ്യൂട്ടർ സൗകര്യമുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. എല്ലാ സർക്കാർ സ്കൂളുകളിലും കമ്പ്യൂട്ടർ നൽകുന്നതിൽ 99.6 ശതമാനം വിജയശതമാനവുമായി പഞ്ചാബ് ഒന്നാമതെത്തി. കേരളത്തിലെ 16,240 സ്കൂളുകളിൽ 15,970 സ്കൂളുകളിലും കമ്പ്യൂട്ടർ സൗകര്യമുണ്ട്. 98.3 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടറായി.

5,010 സർക്കാർ സ്കൂളുകളിൽ 96.2 ശതമാനം, 7,183 സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 99.9 ശതമാനം, സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിൽ 98.6 ശതമാനം, മറ്റ് 883 സ്കൂളുകളിൽ 96.3 ശതമാനം എന്നിങ്ങനെയാണ് കമ്പ്യൂട്ടര്‍ സൗകര്യമൊരുക്കിയതിലെ നേട്ടം. അതേസമയം, എയ്ഡഡ് സ്കൂളുകളിൽ 92.4 ശതമാനം നേട്ടവുമായി പഞ്ചാബ് കേരളത്തിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്. കേന്ദ്രഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢും ലക്ഷദ്വീപും ഈ നേട്ടം കൈവരിച്ചു. ഇവിടെ എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടറുകളുണ്ട്.

By newsten