Spread the love

തൃശൂര്‍: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ (ജെഎൻയുഎസ്യു) മുൻ പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ കനയ്യ കുമാർ ശനിയാഴ്ച ഗുരുവായൂർ സന്ദർശിച്ചു. തൃശൂരിൽ ജോഡോ യാത്രയ്ക്കായി എത്തിയപ്പോഴാണ് കനയ്യ കുമാർ ഗുരുവായൂർ സന്ദർശിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിൽക്കുന്ന ചിത്രം കനയ്യ കുമാർ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ജോഡോ യാത്രയുടെ ദൈനംദിന പര്യടനത്തിന്‍റെ ചിത്രങ്ങളും കനയ്യ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കാറുണ്ട്. മുൻ കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവർക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്.

ജെഎൻയു സമര നായകൻ എന്ന നിലയിൽ കനയ്യ കുമാറിന്‍റെ പേര് രാജ്യമെമ്പാടും ചർച്ചയായിരുന്നു. പിന്നീട് സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗമായ കനയ്യ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെഗുസരായിൽ നിന്ന് മത്സരിച്ചിരുന്നു. ഒടുവിൽ സി.പി.ഐയുമായി തെറ്റി പിരിഞ്ഞ് കോൺഗ്രസിൽ ചേർന്നു.

By newsten