കൊച്ചി: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സംബന്ധിച്ച വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ ഇതുവരെ നൽകിയിട്ടില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. അലൈൻമെന്‍റ് ആവശ്യമുള്ള സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയ വിശദാംശങ്ങൾ കൈമാറിയിട്ടില്ല. വിശദീകരണം ആവശ്യപ്പെട്ട് കെ റെയിലിന് നിരവധി കത്തുകൾ അയച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് റെയിൽവേ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
സർക്കാരും കെ-റെയിൽ കോർപ്പറേഷനും സിൽവർ ലൈനിൽ നിന്ന് പിന്നോട്ട് പോകുന്നുവെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഇത് ബലപ്പെടുത്തുന്ന വിവരങ്ങളാണ് റെയിൽവേ ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ റെയിൽവേ മന്ത്രാലയം ഇതുവരെ അംഗീകരിച്ചിട്ടില്ല. പദ്ധതിയെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. ഇതിൽ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. ആ ഘട്ടത്തിലാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് മറുപടി നൽകിയത്.