കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്‍റെ പിന്തുണയുള്ള യൂണികോൺ കമ്പനിയായ മൈൻഡ്മെയ്സ് യുഎസിലെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി വൈബ്ര ഹെൽത്ത് കെയറുമായി സഹകരിക്കും. ഇന്ത്യൻ വംശജനായ ന്യൂറോ സയന്‍റിസ്റ്റ് സ്ഥാപിച്ച മൈൻഡ് മെയ്സ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ന്യൂറോ ടെക്നോളജി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആഗോള സ്ഥാപനമാണ്. മൈന്‍ഡ്മെയ്സിന്റെ ഡിജിറ്റൽ ഹെൽത്ത് ടെക്നോളജി സിസ്റ്റങ്ങളായ മൈൻഡ്പോഡ്, മൈൻഡ്മോഷൻ എന്നിവ തിരഞ്ഞെടുത്ത വൈബ്ര ആശുപത്രികളിൽ പ്രയോജനപ്പെടുത്തുന്നതിന് ഈ സഹകരണം വഴിയൊരുക്കും.
വൈബ്ര ഹെൽത്ത് കെയർ യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള 19 സംസ്ഥാനങ്ങളിലായി 90 സ്പെഷ്യാലിറ്റി ആശുപത്രികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. മസ്തിഷ്കാഘാതം, ട്രുമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറി തുടങ്ങിയ ന്യൂറോളജിക്കൽ രോഗങ്ങളുമായി ബന്ധപ്പെട്ട വിലയിരുത്തലുകൾക്കും ഇടപെടലുകൾക്കുമായി സോഫ്റ്റ് വെയർ അധിഷ്ഠിത സംവിധാനങ്ങൾ മൈൻഡ്മെയ്സ് നൽകുന്നു. ആഗോളതലത്തിൽ 130 ലധികം പ്രമുഖ ആരോഗ്യ കേന്ദ്രങ്ങളിൽ മൈൻഡ്മെയ്സ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ എയിംസ് ഉൾപ്പെടെ പ്രമുഖ 12 ലധികം സ്ഥാപനങ്ങളിൽ ഇത് ലഭ്യമാണ്.
ഡിജിറ്റൽ പിന്തുണയോടെ അത്യാധുനിക സംവിധാനങ്ങൾ ആരോഗ്യപരിപാലന പ്രൊഫഷണലുകൾക്ക് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് മൈൻഡ്മെയ്സ് സ്ഥാപകനും ചെയർമാനും സിഇഒയുമായ ഡോ. തേജ് ടാഡി പറഞ്ഞു. അതേസമയം രോഗികൾക്ക് സൗകര്യപ്രദമായ സംവിധാനങ്ങളും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.