Spread the love

ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്ന് തേയിലയും ബസുമതി അരിയും ഇറക്കുമതി ചെയ്യാനുള്ള പുതിയ കരാറുകളിൽ നിന്ന് ഇറാൻ പിൻവാങ്ങി. ഇത്തരമൊരു പിൻമാറ്റത്തിന്‍റെ കാരണം ഇറാൻ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. അതേസമയം, കർഷകരെ സംരക്ഷിക്കുന്നതിനായി ആഭ്യന്തര വിളവെടുപ്പ് സീസണായ ജൂലൈ മുതൽ നവംബർ പകുതി വരെ ഇറാൻ അരി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താറുണ്ട്.

എന്നിരുന്നാലും, ന്യൂഡൽഹിയും ടെഹ്റാനും രൂപയുടെ വ്യാപാര സെറ്റിൽമെന്‍റ് കരാർ തയ്യാറാക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഇറാനിയൻ ഇറക്കുമതിക്കാർ അവരുടെ വാങ്ങലുകൾ വൈകിപ്പിക്കുകയാണെന്ന് ഒരു വിഭാഗം വ്യാപാരികൾ പറയുന്നു. “എന്തുകൊണ്ടാണ് ഇത് പെട്ടെന്ന് സംഭവിച്ചതെന്ന് വ്യക്തമല്ല, ഇറാനിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല,” ഇറാനിലേക്കുള്ള പ്രമുഖ തേയില കയറ്റുമതിക്കാരനായ ബൻസാലി ആൻഡ് കമ്പനിയുടെ മാനേജിംഗ് പാർട്ണർ അനീഷ് ബൻസാലി പറഞ്ഞു.

ഉയർന്ന ചരക്ക് നിരക്കും കണ്ടെയ്നറുകളുടെ ലഭ്യതക്കുറവും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും വരും മാസങ്ങളിൽ ബസുമതി കയറ്റുമതി വേഗത്തിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഓൾ ഇന്ത്യ റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വിനോദ് കൗൾ പറഞ്ഞു. എന്നാൽ റഷ്യ-ഉക്രൈൻ യുദ്ധത്തിന് ശേഷം, ആഗോളതലത്തിൽ ഉയർന്ന ഡിമാൻഡും ചരക്കുകളുടെ വില വർദ്ധനവും കാരണം ബസുമതി കയറ്റുമതി വർദ്ധിച്ചിരുന്നു. അതിനാൽ, ബസുമതി അരിയുടെ കയറ്റുമതിയിൽ ഇതിന്‍റെ സ്വാധീനം കുറവായിരിക്കും.

By newsten