Spread the love

ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങി സൈനിക വിവരങ്ങൾ ചോർത്തി നൽകിയതിന് ഇന്ത്യൻ സൈനികൻ ശാന്തിമയ് റാണയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാളിലെ ബഗുണ്ട ജില്ലയിൽ താമസിക്കുന്ന റാണയ്ക്കെതിരെ 1923ലെ പ്രിവൻഷൻ ഓഫ് സീക്രട്ട്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജയ്പൂരിലെ ആർട്ടി യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്നു ശാന്തിമയ് റാണ. പാകിസ്‌താൻ ഏജന്റുമാരായ ഗുര്‍നൗര്‍കൗര്‍ എന്ന അങ്കിതയും നിഷയും ഇയാളെ സോഷ്യല്‍ മീഡിയ വഴിയാണ് ബന്ധപ്പെട്ടിരുന്നത്.

രാജസ്ഥാൻ പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇവരുടെ ബന്ധം കണ്ടെത്തിയത്. റാണയുമായി അടുപ്പമുള്ളവർ ഇയാളുടെ നമ്പർ വാങ്ങി വാട്സ് ആപ്പിൽ സംസാരിക്കാറുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നു. സൈനികന്‍റെ വിശ്വാസം ആദ്യം നേടിയ ശേഷം ഇരുവരും ഇയാളിൽ നിന്ന് രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങി. റാണയുടെ അക്കൗണ്ടിലേക്ക് അവർ കുറച്ച് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. വാട്സ്ആപ്പ് ചാറ്റുകളിലൂടെയും വീഡിയോകളിലൂടെയും ഓഡിയോ മെസേജുകളിലൂടെയും ഏറെക്കാലമായി അവരുമായി സംസാരിച്ചിരുന്നതായി അദ്ദേഹം സമ്മതിച്ചു.

ഷാജഹാൻപൂർ സ്വദേശിയാണെന്ന് ഒരു സ്ത്രീ റാണയെ ബോധ്യപ്പെടുത്തിയിരുന്നു. താൻ അവിടെ മിലിട്ടറി എഞ്ചിനീയറിംഗ് സർവീസിൽ ജോലി ചെയ്യുകയാണെന്ന് യുവതി റാണയോട് പറഞ്ഞു. റാണയിൽ നിന്ന് രഹസ്യ രേഖകളും ഫോട്ടോകളും വീഡിയോകളും സ്ത്രീകൾ ആവശ്യപ്പെട്ടു. യുവതികളുടെ ഹണി ട്രാപ്പിൽ അകപ്പെട്ട ഇയാൾ എല്ലാ വിവരങ്ങളും അവർക്ക് കൈമാറി. 2018 മാർച്ചിലാണ് റാണ ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ തുടങ്ങിയത്.

By newsten