ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടം നേടി ഇന്ത്യൻ മാധ്യമ പ്രവർത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും. റോയിട്ടേഴ്സ് സര്‍വേ പ്രകാരം ടൈം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരാണ് ഇരുവരും.
2018ലെ വിവാദ ട്വീറ്റിന്‍റെ പേരിൽ ഈ വർഷം ജൂണിലാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. . വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ എഫ്.ഐ.ആര്‍. മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ ആഗോളതലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഒക്ടോബറിലാണ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മുഹമ്മദ് സുബൈര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
251 വ്യക്തികളെയും 92 സംഘടനകളെയും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായുള്ള സാധ്യതാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പട്ടിക നൊബേൽ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല. ഗ്രെറ്റ തുന്‍ബെ, പോപ്പ് ഫ്രാന്‍സിസ്, മ്യാന്‍മര്‍ സര്‍ക്കാര്‍, യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സി, ലോകാരോഗ്യ സംഘടന, റഷ്യന്‍ പ്രസിഡന്റിന്റെ സ്ഥിരം വിമര്‍ശകനായ അലക്‌സി നവാല്‍നി തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്ന് റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ സൂചിപ്പിക്കുന്നു.