ന്യൂഡൽഹി: കൊവിഡ്-19 മഹാമാരിയുടെ സമയത്ത് നിസ്സഹായരും ദരിദ്രരുമായ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ലോകബാങ്ക് അധ്യക്ഷൻ. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റ് രാജ്യങ്ങൾ പിന്തുടരണമെന്നും ലോകബാങ്ക് അധ്യക്ഷൻ ഡേവിഡ് മൽപാസ് പറഞ്ഞു.
ദാരിദ്ര്യ നിർമാർജനത്തിൽ ലോകരാജ്യങ്ങൾ കൈവരിച്ച പുരോഗതി കൊവിഡ് കാലത്ത് അപ്രത്യക്ഷമായെന്ന് ഡേവിഡ് മൽപാസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 30 വർഷത്തിനിടയിൽ ഒരു ബില്യൺ ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ദരിദ്ര രാജ്യങ്ങൾ അവരുടെ നില മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ ഏറ്റവും വലിയ ആഘാതം നേരിട്ടത് ഏറ്റവും ദരിദ്രരായ മനുഷ്യരാണ്. സമ്പന്ന വിഭാഗത്തിലെ 20 ശതമാനത്തിന്റെ വരുമാനത്തേക്കാൾ, ദരിദ്ര വിഭാഗത്തിലെ 40 ശതമാനം പേർക്ക് ഉണ്ടായ വരുമാന നഷ്ടം വലുതാണ്. ആഗോളതലത്തിൽ സാമ്പത്തിക അസമത്വം ഇക്കാലത്ത് കൂടുതൽ വളർന്നു.
ഇന്ത്യയിലെ 85 ശതമാനം ഗ്രാമീണരും 69 ശതമാനം നഗരവാസികളും കൊവിഡ് കാലത്ത് ഡിജിറ്റൽ പണമിടപാടിലൂടെ സഹായം സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ സബ്സിഡികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ നിസ്സഹായരായ മനുഷ്യർക്ക് നേരിട്ട് പണം എത്തിക്കാനുള്ള ഇന്ത്യയുടെ നീക്കം മറ്റെല്ലാ രാജ്യങ്ങളും അനുകരിക്കണം, ലോക ബാങ്ക് അധ്യക്ഷൻ പറഞ്ഞു.