തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ അന്താരാഷ്ട്ര കുടിയേറ്റക്കാർ, അഭയാർത്ഥികൾ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2020ലെ അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടിൽ ഒരാൾ കുടിയേറ്റക്കാരനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ, ബംഗ്ലാദേശ്, തായ്ലൻഡ് എന്നീ രാജ്യങ്ങളാണ് അഭയം നൽകുന്ന ആദ്യ മൂന്ന് രാജ്യങ്ങൾ. ഇന്ത്യയിലെ ജനസംഖ്യയുടെ 0.4 ശതമാനം കുടിയേറ്റക്കാരാണ്, ഇത് ഏകദേശം 4,878,704 ആളുകളാണ്. ഇതിൽ 4.2 ശതമാനം പേർ അഭയാർത്ഥികളാണ്.
ആഗോള തലത്തിൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് അമേരിക്കയാണ്, 2020-ലെ കണക്ക് പ്രകാരം ആഗോള കുടിയേറ്റക്കാരുടെ 18 ശതമാനം (51 ദശലക്ഷം) അമേരിക്കയിലാണ്. പ്രധാനമായും മ്യാൻമറിൽ നിന്ന് തായ്ലൻഡിലേക്കും നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കും കുടിയേറ്റം നടക്കുന്നു. മ്യാൻമറിലെ റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഏറ്റവും വലിയ അഭയാർത്ഥികൾ. ഏകദേശം ഒരു ദശലക്ഷം ആളുകൾ ബംഗ്ലാദേശിൽ അഭയാർത്ഥികളായി ജീവിക്കുന്നു.
തായ്‌ലാൻഡ്-മ്യാൻമർ അതിർത്തിയിൽ മ്യാൻമറിൽ നിന്നുള്ള അഭയാർഥികളുടെ ചെറിയ ഗ്രൂപ്പുകളും ഇന്ത്യയിലെ ശ്രീലങ്കക്കാരും നേപ്പാളിൽ ഭൂട്ടാൻ സ്വദേശികളും അഭയാർത്ഥികളായി കഴിയുന്നു. ഇന്തോനേഷ്യയിലെ അഭയാർത്ഥികൾ അഭയം തേടി ഓസ്ട്രേലിയയിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ്. ഇത്തരം അനുഭവങ്ങൾ വ്യക്തിയുടെ ആരോഗ്യത്തിലും ക്ഷേമത്തിലും ഒരു പ്രധാന ഘടകമാണെന്നും റിപ്പോർട്ടിൽ പറയുന്നു.