ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ചൈന ചാരപ്പണിക്കായി കപ്പൽ അയച്ചു. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്-6 കപ്പൽ ചൈന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുവാൻ വാങ്-6 നിലവിൽ ബാലിക്ക് സമീപമാണെന്ന് മറൈൻ ട്രാഫിക് അറിയിച്ചു.
നവംബർ 10 നും 11 നും ഇടയിൽ ഒഡീഷയിലെ അബ്ദുൾ കലാം ദ്വീപിൽ (വീലർ ഐലൻഡ്) 2,200 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ പരീക്ഷിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ദ്വീപിൽ നിന്ന് ഇന്ത്യ പലപ്പോഴും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് ചൈനീസ് കപ്പൽ എത്തിയതെന്നാണ് കരുതുന്നത്. മിസൈൽ നിരീക്ഷിക്കാനാണോ കപ്പൽ അയച്ചതെന്ന ആശങ്കയുമുണ്ട്.
ഈ വർഷം ഓഗസ്റ്റിൽ ചൈനയുടെ യുവാൻ വാങ്-5 ശ്രീലങ്കയിലെ ഹംബൻടോട്ട തുറമുഖത്ത് നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ശ്രീലങ്ക പ്രവേശനം അനുവദിച്ച കപ്പൽ ആറ് ദിവസത്തിന് ശേഷം ചൈനയിലെ ജിയാങ് യിൻ തുറമുഖത്ത് തിരിച്ചെത്തി. ഹമ്പൻടോട്ട തുറമുഖത്തിന്റെ മുഴുവൻ അവകാശങ്ങളും ചൈനയ്ക്കാണ്.