തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിമുറുക്കുകയാണ്. കഴിഞ്ഞ 25 ദിവസത്തിനിടെ 18 മരണങ്ങളാണ് കോവിഡ് ഒഴികെയുള്ള സാംക്രമിക രോഗങ്ങൾ മൂലം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം മൂന്ന് ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ജൂണിൽ 500 പേർക്ക് ഡെങ്കിപ്പനിയും 201 എലിപ്പനി കേസുകളും സ്ഥിരീകരിച്ചിരുന്നു. നീണ്ടുനിൽക്കുന്ന പനി ജാഗ്രതയോടെ കാണണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ഡെങ്കിപ്പനി, എലിപ്പനി, ചെള്ളു പനി, തക്കാളി പനി എന്നിവയാണ് സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്ത വിവിധ പകർച്ചവ്യാധികൾ. കൂടാതെ കൊവിഡും ഉണ്ട്. ജൂൺ ഒന്നിനും 25നും ഇടയിൽ 18 പേർക്കാണ് പനി ബാധിച്ച് ജീവൻ നഷ്ടമായത്. ഇതിൽ 6 എലിപ്പനി മരണങ്ങളും 2 ഡെങ്കിപ്പനി മരണങ്ങളും ഉൾപ്പെടുന്നു. കോവിഡ് മരണങ്ങൾക്ക് പുറമെയാണ് ഈ കണക്ക്. ശനിയാഴ്ച മാത്രം 14731 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
13 പേർക്ക് ഡെങ്കിപ്പനിയും 8 പേർക്ക് എലിപ്പനിയും 6 പേർക്ക് ചെള്ളു പനിയും സ്ഥിരീകരിച്ചു. 83 പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്. ഈ മാസം 2,79,103 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയതെന്ന് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ പറയുന്നു. ജൂൺ ഒന്നിനും 25നും ഇടയിൽ 500 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 201 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ 306 പേർ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി.