ന്യൂഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നടത്തിയ പ്രസ്താവനയ്ക്കെതിരെ താലിബാൻ രംഗത്തെത്തി. പരാമർശങ്ങളെ മതഭ്രാന്ത് എന്ന് വിശേഷിപ്പിച്ച താലിബാൻ, ഇത്തരം പ്രവൃത്തികൾ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇസ്ലാമിനെ അവഹേളിക്കുകയും മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന, മതഭ്രാന്ത് ഇന്ത്യൻ സർക്കാർ അനുവദിക്കരുതെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
അതേസമയം, വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഖത്തറിന് പുറമെ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തോനേഷ്യ, മാലിദ്വീപ്, ലിബിയ എന്നീ രാജ്യങ്ങളും പരാമർശത്തെ അപലപിച്ചു.
നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. നേതാക്കൾക്കെതിരായ ബി.ജെ.പിയുടെ നടപടിയെ സൗദി അറേബ്യയും ബഹ്റൈനും സ്വാഗതം ചെയ്തു. പരാമർശങ്ങൾ ചില വിഭാഗീയ ശക്തികളുടേത് മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.