ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തെ ഡൽഹി പോലീസ് മർദ്ദിച്ചു. ആക്രമണത്തിൽ ചിദംബരത്തിന്റെ വാരിയെല്ല് ഒടിഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് മർദ്ദനമേറ്റത്.
ചിദംബരത്തിന്റെ കണ്ണട വലിച്ചെറിഞ്ഞു. അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും ഇടത് വാരിയെല്ലിനു പൊട്ടലുണ്ടായതായും കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. “മോദി സർക്കാർ എല്ലാ പരിധികളും ലംഘിച്ചു. മുൻ ആഭ്യന്തരമന്ത്രി പി ചിദംബരത്തെ പൊലീസ് മർദ്ദിച്ചു, കണ്ണട നിലത്ത് എറിഞ്ഞു, ഇടതു വശത്ത് വാരിയെല്ലിൻ പൊട്ടലുണ്ടായി. എംപി പ്രമോദ് തിവാരിയെ റോഡിലേക്ക് തള്ളിയിട്ടു. തലയ്ക്ക് പരിക്കും വാരിയെല്ല് ഒടിഞ്ഞിട്ടുമുണ്ട്. ഇതാണോ ജനാധിപത്യം?’ എന്നായിരുന്നു രൺദീപ് സുർജേവാലയുടെ വാക്കുകൾ.
“മൂന്ന് വലിയ പോലീസുകാർ എന്നെ തല്ലിച്ചതച്ചു. ഒരു വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. വാരിയെല്ലിന് ഒരു ചെറിയ പൊട്ടലുണ്ട്. 10 ദിവസത്തിനകം ഇത് തനിയെ മാറുമെന്ന് ഡോക്ടർമാർ അറിയിച്ചു. എനിക്ക് കുഴപ്പമൊന്നുമില്ല, ഞാൻ നാളെ ജോലിയിൽ പ്രവേശിക്കും,” ചിദംബരം ട്വീറ്റ് ചെയ്തു.