ദില്ലി: ഇസ്ലാമോഫോബിക് പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ശശി തരൂർ. സമയം അതിക്രമിച്ചു, പ്രതികരിക്കാൻ ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിക വിരുദ്ധ പരാമർശങ്ങളും രാജ്യത്തുടനീളം വർദ്ധിച്ചുവരികയാണെന്നും തരൂർ ആരോപിച്ചു. മോദിയുടെ നിശബ്ദത ചിലർക്ക് എന്തും ചെയ്യാനുള്ള ലൈസൻസായി മാറുകയാണെന്നും തരൂർ പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കേന്ദ്ര സര്ക്കാര് നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. എന്നാൽ ഇതെല്ലാം ഇപ്പോൾ വൃഥാവിലാണെന്നും തരൂർ പറഞ്ഞു. ആ വിദ്വേഷ പ്രസംഗങ്ങൾ വന്നയുടൻ പ്രധാനമന്ത്രി ഇടപെടണമായിരുന്നു. മോദി ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മോദിയുടെ നിശബ്ദതയാണ് ഇപ്പോൾ സംഭവിച്ചതിന് കാരണമെന്ന് പലരും കരുതുന്നു. ഈ വിദ്വേഷ പ്രസംഗങ്ങൾ വികസനത്തെയും അഭിവൃദ്ധിയെയും കുറിച്ചുള്ള മോദിയുടെ സ്വന്തം കാഴ്ചപ്പാടിനെ തകർക്കുന്ന കാര്യമാണെന്ന് മോദി തിരിച്ചറിഞ്ഞിരിക്കണം. സാമൂഹിക ഐക്യവും ദേശീയ ഐക്യവും ഒരു രാജ്യത്തിൻറെ വളർച്ചയ്ക്കും പുരോഗതിക്കും വളരെ ആവശ്യമായ ഘടകമാണെന്ന് തരൂർ പറഞ്ഞു. എല്ലാവരുടെയും വികസനം ആവശ്യമാണെന്ന് ബി.ജെ.പി തന്നെ പറയുന്നു. ഇത് കണക്കിലെടുത്ത് ഇത്തരം പരാമർശങ്ങൾ അവസാനിപ്പിക്കാൻ മോദി തന്നെ പരസ്യമായി ആഹ്വാനം ചെയ്യണമെന്നും തരൂർ പറഞ്ഞു. അതേസമയം, ഇത്തരം പരാമർശങ്ങൾ നടത്തിയപ്പോൾ പ്രധാനമന്ത്രി പ്രതികരിക്കണമായിരുന്നുവെന്ന് കോണ്ഗ്രസ് നേതാവ് പി ചിദംബരവും പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം വളരെ ഞെട്ടിപ്പിക്കുന്നതാണ്. മുസ്ലീം വിരുദ്ധ വികാരം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ളവർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പക്ഷേ കേട്ടില്ല. ഇപ്പോൾ 16 രാജ്യങ്ങൾ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് സർക്കാർ കാര്യങ്ങൾ മനസ്സിലാക്കിയതെന്നും ചിദംബരം പറഞ്ഞു.