Spread the love

ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴ കടുത്ത ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുന്നു . അടുത്ത അഞ്ച് ദിവസത്തേക്ക് പടിഞ്ഞാറൻ രാജസ്ഥാൻ ഒഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗത്തിനു സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിട്ടുണ്ട്.

ഉത്തരാഖണ്ഡിൽ പലയിടത്തും ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടായത്. ജമ്മു കശ്മീരിലെയും രാജസ്ഥാനിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ ലഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ ഡൽഹിയിൽ അനുഭവപ്പെട്ട താപനില 18 ഡിഗ്രി സെൽഷ്യസായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇത് 29 ഡിഗ്രി സെൽഷ്യസായിരുന്നു. മഴ പലയിടത്തും വൈദ്യുതി തടസ്സത്തിനും കാരണമായി. ഡൽഹിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന എട്ട് വാഹനങ്ങൾക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന.

ഡൽഹിയിലെ ജവൽപുരി, ഗോകൽപുരി, ശങ്കർ റോഡ്, മോത്തി നഗർ പ്രദേശങ്ങളിൽ വീട് തകർന്ന് വീണ് എട്ട് പേർക്ക് പരിക്കേറ്റതായി അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. തെക്കൻ ഡൽഹിയിലെ ൻയൂ മോത്തി ബാഗിൽ കാറിൻ മുകളിൽ മരം വീണു. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. ഡൽഹി കൻറോൺമെൻറ്, ധൗല കുവാൻ എന്നിവിടങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനാൽ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണ ലൈനുകൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. നരേല, ബവാന, ബദ്ലി, മംഗോൾപുരി, കിരാരി, ഷാലിമാർ ബാഗ്, കേശവ് പുരം, മോത്തി നഗർ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങി.

By newsten