വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിനു ഏർപ്പെടുത്തിയിരുന്ന സൗജന്യം നിർത്തലാക്കിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. ഈ തീരുമാനം പിൻവലിക്കണമെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള സൗജന്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ ടീച്ചർ ആവശ്യപ്പെട്ടു. കൈരളി സലാല ജനറൽ കോൺഫറൻസിനോടുനുബന്ധിച്ച് സംഘടിപ്പിച്ച ‘നവകേരളവും രണ്ടാം പിണറായി സർക്കാരും’ എന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സുസ്ഥിര വികസനത്തിലൂടെ മാത്രമേ കേരളത്തിൽ സമൂലമായ മാറ്റം സാധ്യമാകൂ. മുടങ്ങിക്കിടക്കുന്ന നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കുക എന്നതായിരുന്നു ഒന്നാം പിണറായി സർക്കാരിൻറെ പ്രധാന ലക്ഷ്യമെന്നിരിക്കെ കേരളത്തിൽ തന്നെ ഭാവി തലമുറയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന വലിയ പദ്ധതികളുമായി കെ റെയിൽ പോലൊരു യാത്രാ സംവിധാനം യാഥാർത്ഥ്യമാക്കുകയാണ് രണ്ടാം പിണറായി സർക്കാരിൻറെ ലക്ഷ്യമെന്നും കെകെ ശൈലജ പറഞ്ഞു.
കൈരളി സലാല പ്രസിഡൻറ് കെ.എ.റഹീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പവിത്രൻ കാരായി സ്വാഗതവും സിജോയ് നന്ദിയും പറഞ്ഞു. ലോക കേരള സഭ എ.കെ.പവിത്രൻ, അംബുജാക്ഷൻ എന്നിവർ സന്നിഹിതരായിരുന്നു. തിങ്ങിനിറഞ്ഞ വനിതാ ഹാളിൽ നൂറുകണക്കിൻ ആളുകൾ ടീച്ചറുടെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടി.