മഹാരാഷ്ട്രയിൽ ബിജെപിയുടെ നീക്കം വിജയിക്കില്ലെന്നും അധികാരം നിലനിർത്താൻ കഴിയുമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. ഇതാദ്യമായല്ല മഹാവികാസ് അഘാഡി സഖ്യത്തെ തകർക്കാൻ ബിജെപി ശ്രമിക്കുന്നത്. മുമ്പ് മൂന്ന് തവണയാണ് ബിജെപി തോറ്റത്. വിമതനീക്കം നടത്തുന്ന ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ലെന്നും ഉദ്ധവ് താക്കറെ മാറേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻസിപിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് നിൽക്കുമെന്നും അത് ശിവസേനയിലെ അവരുടെ ആഭ്യന്തര കാര്യമാണെന്നും പവാർ പറഞ്ഞു. ഇന്ന് രാത്രി മുംബൈയിലെത്തി ഉദ്ധവ് താക്കറെയുമായി ചർച്ച നടത്തുമെന്നും വിമത എംഎൽഎമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരുമായി നടത്തിയ ചർച്ചയിൽ വിജയം പ്രതീക്ഷിക്കുന്നതായും പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ഗുജറാത്തിൽ ഏക്നാഥ് ഷിൻഡെയുമായി ഹോട്ടലിൽ ചർച്ച നടത്തുന്ന ബിജെപി നേതാക്കൾ അദ്ദേഹത്തിന് ഉന്നത പദവി വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഷിൻഡെ പുതിയ പാർട്ടി രൂപീകരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ശിവസേന ഊർജ്ജിതമാക്കിയിട്ടുണ്ട്.