ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച് റിപ്പോർട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർദ്ധനവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇതിനർത്ഥം ലോകത്തിൽ പ്രമേഹമുള്ള ആളുകളുടെ എണ്ണം എടുത്താൽ, ആറിൽ ഒരാൾ ഇന്ത്യക്കാരനാകും.
ടൈപ്പ് -1 പ്രമേഹമുള്ള രോഗികൾക്കായി ഐസിഎംആർ പുതിയ മാർഗ്ഗനിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ടൈപ്പ് -1 പ്രമേഹം കണ്ടെത്തുന്ന പ്രായം കുറയ്ക്കാനും വളരെ ചെറുപ്രായത്തിൽ തന്നെ പ്രമേഹം വരാനുള്ള സാധ്യത ഇല്ലാതാക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നു. നിലവിൽ, ടൈപ്പ് -1 പ്രമേഹം 25-നും 34 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കാണപ്പെടുന്നത്. പാൻക്രിയാസ് ഗ്രന്ഥിയിലെ അപര്യാപ്തമായ ഇൻസുലിൻ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം.
ഇൻസുലിൻ ഇല്ലാതെ, രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങളിൽ പ്രവേശിക്കാൻ കഴിയില്ല. ആ സാഹചര്യത്തിൽ, അവ രക്തപ്രവാഹത്തിൽ കുടുങ്ങുന്നത് പ്രമേഹത്തിൻ കാരണമാകുന്നു. അമ്മയ്ക്കോ പിതാവിനോ സഹോദരങ്ങൾക്കോ പ്രമേഹത്തിന്റെ ചരിത്രമുണ്ടെങ്കിൽ ടൈപ്പ് -1 പ്രമേഹം വരാനുള്ള സാധ്യത മൂന്ന്, അഞ്ച്, എട്ട് ശതമാനമാണ്. ലോകത്ത് 20 വയസ്സിന് താഴെ ടൈപ്പ് 1 പ്രമേഹം ബാധിച്ചവരുടെ എണ്ണം ഏകദേശം 11 ലക്ഷമാണെന്നാണ് കണക്ക്.