ന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി മുതൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ഗൂഗിളിന്റെ ജിമെയിൽ സേവനം തടസ്സം നേരിട്ടു. ‘ഡൗൺ ഡിറ്റക്ടർ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജിമെയിൽ രാത്രി 7 മണി മുതൽ സാങ്കേതിക പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. ഇ-മെയിലുകൾ അയയ്ക്കാൻ കഴിയുന്നില്ലെന്നും തങ്ങളുടെ സ്മാർട്ട്ഫോണിലെ ജിമെയിൽ ആപ്പ് പ്രവർത്തനരഹിതമാണെന്നും ഉപയോക്താക്കൾ ട്വീറ്റ് ചെയ്തു.
ഡെസ്ക്ടോപ്പ്, മൊബൈൽ സേവനങ്ങൾ ഒരുപോലെ താറുമാറായി. ജിമെയിൽ സൗജന്യ സേവനത്തോടൊപ്പം സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ജിമെയിൽ എന്റർപ്രൈസ് സേവനങ്ങളും താറുമാറായി. രാത്രി 9 മണിയോടെ ജിമെയിൽ സർവീസ് ഭാഗികമായി പുനഃസ്ഥാപിച്ചു. 1.5 ബില്യൺ ഉപയോക്താക്കളുള്ള ജിമെയിൽ ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനുകളിൽ ഒന്നാണ്.