Spread the love

ന്യൂഡല്‍ഹി: ആശ്രിത നിയമനം അവകാശമായി കണക്കാക്കരുതെന്നും അത് ഒരു ആനുകൂല്യം മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള കൊച്ചിയിലെ എഫ്എസിടിയിൽ (ഫാക്ട്) ആശ്രിത നിയമനം വേണമെന്ന ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഫാക്ടിലെ ജീവനക്കാരനായിരുന്ന പിതാവ് സർവീസിലിരിക്കെ മരിച്ചതിനാൽ ആശ്രിത നിയമനം ആവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. 1995 ലാണ്, ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന യുവതിയുടെ പിതാവ് മരിച്ചത്. 14 വർഷത്തിനുശേഷം പ്രായപൂർത്തിയായപ്പോഴാണ്, മകൾ ആശ്രിത നിയമനത്തിന് അപേക്ഷിച്ചത്. ജീവനക്കാരന്‍റെ മരണസമയത്ത് ഭാര്യ സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ ജോലി ചെയ്യുന്നതിനാൽ, മരിച്ചയാളായിരിക്കണം കുടുംബത്തിന്റെ ഏക വരുമാന ആശ്രയമെന്ന നിബന്ധന ഇവരുടെ കാര്യത്തിൽ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാക്ട് ജോലി അപേക്ഷ തള്ളിയത്. 

ഇതിനെതിരെയാണ് മകൾ ഹൈക്കോടതിയെ സമീപിച്ചത്. ആശ്രിത നിയമനത്തിനുള്ള യുവതിയുടെ ഹർജി പരിഗണിക്കാൻ ഹൈക്കോടതി കമ്പനിക്ക് നിർദ്ദേശം നൽകി. ഇതിനെതിരെ ഫാക്ട് സുപ്രീം കോടതിയെ സമീപിച്ചു. ആശ്രിത നിയമനത്തിനുള്ള അപേക്ഷ പുനഃപരിശോധിക്കണമെന്ന വിധി ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെയും ഡിവിഷൻ ബെഞ്ചിന്‍റെയും തീരുമാനത്തിൽ പിശകുണ്ടെന്ന് അപ്പീൽ പരിഗണിച്ച് സുപ്രീം കോടതി നിരീക്ഷിച്ചു. 

By newsten