തൃശൂർ: ഉയർന്ന തോതിലുള്ള വൈറസിന്റെ സാന്നിധ്യവും വൈറസ് അതിവേഗം തലച്ചോറിലെത്തിയതുമാണ് കൃത്യമായ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും പാലക്കാട് സ്വദേശിനി ശ്രീലക്ഷ്മി പേവിഷബാധയേറ്റ് മരിക്കാൻ കാരണമെന്ന് വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ, കമ്യൂണിറ്റി മെഡിസിൻ, ന്യൂറോളജി, മൈക്രോ ബയോളജി ചികിത്സാ വിഭാഗം മേധാവികൾ പ്രിൻസിപ്പൽ പ്രതാപ് സോമനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.
ശ്രീലക്ഷ്മിയിൽ നിന്ന് ശേഖരിച്ച സ്രവ സാമ്പിൾ തിരുവനന്തപുരം പാലോട് റാബിസ് ടെസ്റ്റിംഗ് ലാബിൽ പരിശോധിച്ചു. ഫലം ഇന്ന് ലഭ്യമാകും. നായയുടെ കടി കൈവിരലുകൾക്കേറ്റതിനാൽ വളരെ വേഗത്തിൽ വൈറസ് തലച്ചോറിലെത്താൻ ഇടയാക്കിയതായും ഉന്നതതലയോഗം വിലയിരുത്തി. പേവിഷബാധ തടയുന്നതിനായി ആശുപത്രിയിൽ സ്വീകരിക്കുന്ന ചികിത്സാ രീതികളും മരണനിരക്കും വിശദീകരിക്കുന്ന വിശദമായ റിപ്പോർട്ട് സർക്കാരിന് അയച്ചതായി ഡോക്ടർമാർ പറഞ്ഞു.
കോയമ്പത്തൂരിൽ ഒന്നാം വർഷ ബിസിഎ വിദ്യാർഥിനിയായ പാലക്കാട് മങ്കര മഞ്ഞക്കര പടിഞ്ഞാർക്കര സുഗുണന്റെ മകൾ ശ്രീലക്ഷ്മിയാണ് (19) ആണ് വ്യാഴാഴ്ച പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പേവിഷബാധയെ തുടർന്ന് മരിച്ചത്. ശ്രീലക്ഷ്മിയുടെ കേസിലെ ദുരന്തം വളരെ അപൂർവമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. ചില മരുന്നുകൾ ചില ആളുകളിൽ പ്രവർത്തിക്കില്ലായിരിക്കാം. ശ്രീലക്ഷ്മിയെ ചികിത്സിക്കുന്നതിനിടെ നിസ്സാര പരിക്കേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു ഡോക്ടറും കുത്തിവയ്പെടുത്തു തുടങ്ങി.