ന്യൂഡല്‍ഹി: ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) ഉപദേശക സമിതി ‘ഫിക്സഡ് ഡോസ് കോമ്പിനേഷൻ’ വിഭാഗത്തിലുള്ള 19 കോക്ടെയിൽ (സംയോജിത) മരുന്നുകളിൽ 14 എണ്ണം നിരോധിക്കാൻ ശുപാർശ ചെയ്തു. ഡോ. റെഡ്ഡീസ് ഡയലക്‌സ് ഡി.സി., മാന്‍കൈന്‍ഡ്‌സ് ടെഡികഫ്, കോഡിസ്റ്റാര്‍, അബോട്ടിന്റെ ടോസെക്‌സ്, ഗ്ലെന്‍മാര്‍ക്കിന്റെ അസ്‌കോറില്‍ സി തുടങ്ങിയ കോഡിന്‍ അധിഷ്ഠിത ചുമ സിറപ്പുകളാണ് നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഡിസിജിഐ കൈക്കൊള്ളും. ഒരു മരുന്നിൽ ഒരു നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ മരുന്നുകളുടെ സംയോജനമാണ് ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾ. അഞ്ച് മരുന്നുകൾക്ക് ഇടക്കാല ആശ്വാസം നൽകിയെങ്കിലും, ഫാർമസി കമ്പനികളോട് അവയുടെ ഉപയോഗം സാധൂകരിക്കാൻ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
19 നിശ്ചിത ഡോസ് കോമ്പിനേഷനുകൾ അവലോകനം ചെയ്യാൻ ഫെബ്രുവരി 2ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടേതാണ് നിർദേശം. നിരോധിക്കാൻ നിർദേശിച്ചവയിൽ മിക്ക മരുന്നുകളും വ്യാപകമായി ഇന്ത്യയിൽ ഉപയോഗിക്കുന്നവയാണ്.