കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ 40 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പോസിറ്റിവിറ്റി നിരക്കിലും വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത 5,233 കേസുകളിൽ നിന്ന് ഇന്ന് 7,240 ആയി ഉയർന്നു. കേരളത്തിലെയും മഹാരാഷ്ട്രയിലെയും രോഗവ്യാപനം ആശങ്കാജനകമാണ്.
മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. മാർച്ച് ഒന്നിന് ശേഷം ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം 7,000 കടക്കുന്നത്. ഒരു ദിവസത്തിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിലധികം കേസുകളുണ്ട്.
കേരളത്തിനും മഹാരാഷ്ട്രയ്ക്കും പുറമെ ഡൽഹി, ബംഗാൾ, ഹരിയാന എന്നിവിടങ്ങളിലും കൊവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. മാസങ്ങൾക്ക് ശേഷം ഡൽഹിയിൽ 500 ലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തു. നൂറിലധികം കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി ഉയർന്നു. പ്രാദേശിക അടിസ്ഥാനത്തിൽ പരിശോധന വർദ്ധിപ്പിച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും രോഗവ്യാപനം തടയാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്.