കൊവിഡ്-19 രോഗത്തിനെതിരായ നമ്മുടെ പോരാട്ടം തുടരുകയാണ്. മൂന്ന് വർഷത്തിലധികമായി കോവിഡിനോട് മത്സരിച്ച് ഇപ്പോൾ അതിനോടൊപ്പം അതിജീവനം നടത്താനായി നാം ഏറെക്കുറെ പരിശീലിച്ച് വരികയാണ്. എന്നിരുന്നാലും, കൊവിഡ് ഉയർത്തുന്ന എല്ലാ ഭീഷണികളെയും അത്ര വേഗത്തിൽ മറികടക്കാൻ കഴിയില്ല.
കൊവിഡ് ഓരോ വ്യക്തിയെയും ഓരോ രീതിയിലും തോതിലുമാണ് ബാധിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ആശങ്ക. പ്രായമായവരെയും മുമ്പ് ആരോഗ്യപ്രശ്നങ്ങളോ പ്രമേഹം, ബി.പി, ക്യാൻസർ പോലുള്ള അസുഖങ്ങളോ ഉള്ളവരേയും കൊവിഡ് കാര്യമായി ബാധിക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്.
എന്നിരുന്നാലും, പിന്നീട്, അത്തരം പ്രശ്നങ്ങളൊന്നുമില്ലാത്തവരെ രോഗം ഗുരുതരമായി ബാധിക്കുകയും മരണത്തിലേക്ക് പോലും നയിക്കുകയും ചെയ്തു. അപ്പോഴും കുട്ടികളിലെ കൊവിഡ് കേസുകളും കൊവിഡ് മരണനിരക്കും എല്ലാം കുറവായിരുന്നു. ഇതിനൊപ്പം ചേർത്ത് വായിക്കാവുന്ന ഒരു പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
‘ദ ജേണൽ ഓഫ് അലർജി ആന്റ് ക്ലിനിക്കൽ ഇമ്മ്യൂണോളജി’ എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങൾ വന്നിരിക്കുന്നത്. പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ട്, പ്രത്യേകമായ ചില പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളിൽ കൊവിഡ് തീവ്രമാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത ഏറെയാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
പ്രൈമറി ഇമ്മ്യൂണോ ഡെഫിഷ്യൻസി രോഗങ്ങൾ ബാധിച്ച കുട്ടികളിൽ കൊവിഡ് മരണ നിരക്ക് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കുട്ടികളെ കൊവിഡ് സാരമായി ബാധിക്കുമ്പോൾ ഉടൻ തന്നെ ഇമ്മ്യൂണോളജിക്കൽ പരിശോധനയോ ജെനറ്റിക് അനാലിസിസോ നടത്തണം. കുട്ടികൾക്ക് ആവശ്യമായ തെറാപ്പി നൽകുന്നതിന് ഇത് സഹായിക്കും’- പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ക്വിയാങ് പാൻ ഹമ്മർസ്റ്റോം പറഞ്ഞു.
അതേസമയം ഇമ്മ്യൂണോ ഡെഫിഷ്യൻസി രോഗങ്ങളുള്ള എല്ലാ കുട്ടികളിലും കൊവിഡ് തീവ്രമാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യവും ചർച്ചകളിൽ ഉയരുന്നുണ്ട്. എന്തായാലും ഈ പഠനത്തിനായി കണ്ടെടുത്ത കൊവിഡ് തീവ്രമായി ബാധിച്ച, ഇമ്മ്യൂണോ ഡെഫിഷ്യൻസി രോഗങ്ങളുള്ള കുട്ടികളിൽ ഏതാണ്ട് പകുതിയോളം പേരും പിന്നീട് മരിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.