ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് വീണ്ടും ജമ്മു കശ്മീരിൽ കോൺഗ്രസിനെ നയിക്കാൻ സാധ്യത. ജെ കെ.പി.സി.സിയുടെ പുതിയ പ്രസിഡന്‍റിനെ നിയമിക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് മാറ്റിവച്ചതോടെയാണ് ഗുലാം നബി ആസാദിന്‍റെ പേര് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നുവന്നത്.
പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്ത വേണുഗോപാൽ ജമ്മു കശ്മീരിലെ പാർട്ടിയിലെ വിഭാഗീയത അവസാനിപ്പിച്ച് ഐക്യം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ചവെക്കണമെങ്കിൽ എല്ലാ നേതാക്കളും അവരുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് പൂർണ്ണ ശക്തിയോടെ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ജെ.കെ.പി.സി.സി പ്രസിഡന്‍റ് ഗുലാം അഹമ്മദ് മിർ ഏഴ് വർഷത്തെ സേവനത്തിന് ശേഷം ജൂലൈ ഏഴിന് രാജിവച്ചിരുന്നു. ആസാദിന്‍റെ അടുത്ത അനുയായിയായ വഖാർ റസൂൽ അല്ലെങ്കിൽ രാമൻ ഭല്ലയെ പുതിയ ജെകെപിസിസി അദ്ധ്യക്ഷനാക്കാനാണ് സാധ്യത. പി.സി.സി സ്ഥാനത്തേക്ക് മറ്റാരെങ്കിലും വന്നാലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആസാദ് പാർട്ടിയെ നയിക്കുമെന്ന് ദ്വിദിന യോഗത്തിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.