ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂർ ഹൈദരബാദിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുമായി തരൂർ കൂടിക്കാഴ്ച നടത്തും. മല്ലികാർജുൻ ഖാർഗെയും ഇന്നലെ മാധ്യമങ്ങളുമായി സംവദിച്ചുകൊണ്ട് കാമ്പയിന് തുടക്കമിട്ടു. നേതാക്കളെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാനാണ് മല്ലികാർജുൻ ഖാർഗെയുടെയും തീരുമാനം. തമിഴ്നാട്ടിൽ നിന്ന് ഇത് ആരംഭിക്കാൻ ഖാർഗെ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളായ ദീപീന്ദർ ഹൂഡാ , നാസീർ , ഗൗരവ് വല്ലഭ് എന്നിവർ ഖാർഗെയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി കോൺഗ്രസ് വക്താവ് സ്ഥാനം രാജിവച്ചിരുന്നു.
സൗഹൃദമത്സരമെന്ന് അവകാശപ്പെടുമ്പോഴും കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആവേശത്തിനും വാശിക്കും ഒരു കുറവുമില്ല. പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഖാർഗെ വന്നാല്‍ നിലവിലെ രീതി തുടരുകയേ ഉള്ളൂവെന്നും താന്‍ മാറ്റം കൊണ്ടുവരുമെന്നുമാണ് ഇന്നലെ തരൂർ പറഞ്ഞത്. കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുന്നതാണ് തന്‍റെ രീതിയെന്ന് വ്യക്തമാക്കിയ ഖാർഗെ പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്നും തിരിച്ചടിച്ചു.
നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും ഖാർഗെ പറഞ്ഞു .അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താൻ തരൂരിനോട് അഭിപ്രായപ്പെട്ടതായും ഖാർഗെ വെളിപ്പെടുത്തിയിരുന്നു.