ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെ എതിർത്ത് കോൺഗ്രസ്. ആലപ്പുഴയിൽ കളങ്കിതനായ വ്യക്തിയെ കളക്ടറായി നിയമിച്ചത് അംഗീകരിക്കില്ലെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമൻ ചെയ്തത് ജനങ്ങളുടെ മനസ്സിൽ നീറിനില്‍ക്കുന്നുണ്ട്. നിയമനം പിൻവലിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ഷുക്കൂർ പറഞ്ഞു.
ശ്രീറാം വെങ്കിട്ടരാമനെക്കുറിച്ചുള്ള ചിത്രം പൊതുജനങ്ങളുടെ മനസ്സിലുള്ളത് ഒരു കൊലക്കേസിലെ പ്രതി എന്നതാണ്. ക്രിമിനൽ ആക്ടിവിസമുള്ള ആളായിട്ടാണ് ആളുകൾ ശ്രീറാമിനെ കാണുന്നത്. ഒരു മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സാഹചര്യം ജനങ്ങളുടെ മനസ്സിൽ നീറി നില്‍ക്കുന്നുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍റെ നിയമനം സർക്കാർ എന്ത് തോന്നിവാസവും കാണിക്കുമെന്നതിന്‍റെ തെളിവാണ്. ഷുക്കൂർ പറഞ്ഞു.
ഇന്നലെയാണ് രേണു രാജിനെ മാറ്റി പകരം ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറാക്കിയത്. പുതിയ മാറ്റം അനുസരിച്ച് രേണു രാജ് പുതിയ എറണാകുളം കളക്ടറാകും. തിരുവനന്തപുരത്ത് ജെറോം ജോർജ് കളക്ടറാകും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡിയുടെ ചുമതലയും ഖോസയ്ക്കാണ്. ഹരി കിഷോറിനെ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറായി നിയമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ രാജമാണിക്യത്തെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ജാഫർ മാലിക് ആയിരിക്കും പിആർഡി ഡയറക്ടർ.