Spread the love

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും മലയാളിയുമായ കെ വി വിശ്വനാഥൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താൻ അനുമതി തേടി ചീഫ് ജസ്റ്റിസ് യു.യു. ലളിത്. വിഷയത്തിൽ കൊളീജിയം ജഡ്ജിമാർക്ക് കത്തയച്ചു. ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിനുള്ള ശുപാർശ തയ്യാറാക്കാൻ യോഗം ചേരാത്ത സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്‍റെ അസാധാരണമായ കത്ത്. ചീഫ് ജസ്റ്റിസിന്‍റെ ശുപാർശ അംഗീകരിക്കപ്പെട്ടാൽ കെ.ജി. ബാലകൃഷ്ണന് ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുന്ന മലയാളിയായി കെ.വി. വിശ്വനാഥന്‍ മാറിയേക്കും.

വിശ്വനാഥന് പുറമെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം തേടിയാണ് യു യു ലളിത് കൊളീജിയം ജഡ്ജിമാര്‍ക്ക് കത്ത് നല്‍കിയത്.

നാല് ജഡ്ജിമാരെയും സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ സെപ്റ്റംബർ 30ന് സുപ്രീം കോടതി കൊളീജിയം യോഗം ചേരാനിരിക്കുകയായിരുന്നു. എന്നാൽ, അന്ന് കൊളീജിയത്തിലെ അംഗമായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാത്രി ഒമ്പത് മണി വരെ ഹർജികൾ പരിഗണിച്ചതിനാൽ കൊളീജിയത്തിന് യോഗം ചേരാൻ കഴിഞ്ഞില്ല. പൂജാ അവധിക്കായി അടച്ച കോടതി ഒക്ടോബർ 10 ന് മാത്രമേ വീണ്ടും തുറക്കൂ. കൊളീജിയത്തിൽ അംഗങ്ങളായ ജഡ്ജിമാരിൽ പലരും ഡല്‍ഹിയില്‍ ഇല്ലാത്തതിനാലാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് ശുപാര്‍ശയ്ക്ക് അംഗീകാരം തേടി കത്ത് നല്‍കിയത്.

By newsten