ബെംഗളൂരൂ: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ബൊമ്മൈയുടെ ഔദ്യോഗിക വസതിയിൽ നടന്ന യോഗത്തിൽ വിവിധ വികസന വിഷയങ്ങൾ ചർച്ച ചെയ്തുവെന്നാണ് വിവരം. എന്നാൽ സിൽവർ ലൈൻ മംഗളൂരുവിലേക്ക് നീട്ടുന്നത് ചർച്ചയായോ എന്ന് വ്യക്തമല്ല. സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്ത സാഹചര്യത്തിൽ കർണാടകയുടെ നിലപാട് നിർണ്ണായകമാണ്.
നിലമ്പൂർ-നഞ്ചങ്കോട് ലൈൻ, തലശ്ശേരി-മൈസൂർ പാത എന്നിവ യോഗത്തിൽ ചർച്ചയായി. ഇത് യാഥാർത്ഥ്യമായാൽ കേരളത്തിൽ നിന്ന് കർണാടകയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പ്രയോജനകരമാകും. ഈ പദ്ധതികളെക്കുറിച്ചാണ് ഇരു മുഖ്യമന്ത്രിമാരും പ്രധാനമായും ചർച്ച ചെയ്തത്.
അരമണിക്കൂറോളം ഇരുവരും തമ്മിൽ ചർച്ച നടത്തി. കർണാടക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെയും കേരള ചീഫ് സെക്രട്ടറിയെയും സ്വീകരിച്ചത്. തൊട്ടുപിന്നാലെ ബസവരാജ് ബൊമ്മൈ നേരിട്ടെത്തി പിണറായി വിജയനെ സ്വീകരിച്ചു.