തിരുവനന്തപുരം: കുരങ്ങ് വസൂരി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കി. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കുകയും അത് കുരങ്ങ് വസൂരി അല്ലെന്ന് ഉറപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. സമാനമായ രോഗ ലക്ഷണങ്ങളുള്ള സാമ്പിളുകൾ സാധാരണയായി മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് കണ്ടെത്താൻ പൊതുവിൽ പരിശോധന നടത്തും.
വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് വിമാനത്താവള അധികൃതരുമായി ചർച്ച നടത്തും. രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ യാത്രക്കാരെ ഐസൊലേറ്റ് ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രോഗികളെയും സംശയാസ്പദമായ രോഗികളെയും സുരക്ഷിതമായി ആശുപത്രിയിലെത്തിക്കാൻ കനിവ് 108 ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് കുരങ്ങ് വസൂരി പ്രതിരോധത്തിനുള്ള പരിശീലനം അതിവേഗം പുരോഗമിക്കുകയാണ്. ഇതുവരെ 1,200 ലധികം ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി. ഡെർമറ്റോളജിസ്റ്റുകൾ, ഡോക്ടർമാർ, ശിശുരോഗ വിദഗ്ധർ, പുലരി ക്ലിനിക്ക്, ആയുഷ് വകുപ്പ്, എയർപോർട്ട് ജീവനക്കാർ എന്നിവർക്കും വിദഗ്ധ പരിശീലനം നൽകും. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.