ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി നേതാക്കൾ പ്രതിക്കൂട്ടിലായ കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാർ. വി.ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്തുന്നത് പൊതുതാൽപര്യത്തിന് എതിരാണെന്നും അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി.
2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് കൊടകരയിലെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട സംഭവം നടന്നത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും കേസിൽ കാര്യമായ സൂചന കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിനും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമെതിരെ ആരോപണമുയർന്ന കേസാണ് കൊടകര കള്ളപ്പണ കേസ്. കേസുമായി ബന്ധപ്പെട്ട് നിരവധി ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.