കാക്കനാട്: തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് യന്ത്രങ്ങൾക്ക് വഴിമാറിയതോടെ പഴയ ബാലറ്റ് പെട്ടികൾ കേരളം വിടുന്നു. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ബാലറ്റ് പെട്ടികൾ മറ്റ് സംസ്ഥാനങ്ങളിലെ തദ്ദേശ തിരഞ്ഞെടുപ്പിന് നൽകാനാണ് ആലോചന. തദ്ദേശ തിരഞ്ഞെടുപ്പിന് ഇപ്പോളും ബാലറ്റ് പേപ്പറും ബാലറ്റ് ബോക്സുകളും ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുണ്ട്.
ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകൾ ബാലറ്റ് ബോക്സുകളുടെ ലഭ്യതയെക്കുറിച്ച് കേരള സർക്കാരിനോട് ചോദിച്ചിരുന്നു. നൂറുകണക്കിന് ബാലറ്റ് പെട്ടികൾ പല ജില്ലകളിലും അനാവശ്യമായി സൂക്ഷിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ മാത്രം 12,000 ബാലറ്റ് ബോക്സുകളാണ് സ്റ്റോക്കുള്ളത്. വലിയ മാതൃകയിലുള്ള 7,000 ആൽവിൻ ബോക്സുകളും ചെറിയ മാതൃകയിലുള്ള 5,000 ഓറിയന്‍റൽ ബോക്സുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
ബാലറ്റ് പേപ്പറുകളും ബാലറ്റ് പെട്ടികളും കേരളത്തിൽ അവസാനമായി ഉപയോഗിച്ചത് 2005ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ്. പുതിയ തലമുറയിലെ വോട്ടർമാർ ബാലറ്റ് ബോക്സ് കണ്ടിട്ടില്ല. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും വോട്ടിംഗ് യന്ത്രങ്ങൾക്ക് വഴി മാറിയതിന് പിന്നാലെയാണ് ബാലറ്റ് പെട്ടികൾ ഒഴിവായത്.