ന്യൂഡല്‍ഹി: വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ഇന്ത്യ സ്ഥാനം മെച്ചപ്പെടുത്തി. ഇന്‍റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റിൽ ഇന്ത്യ 48-ാം സ്ഥാനത്താണ് നിലയുറപ്പിച്ചത്. ഇതോടെ ചൈനയെയും ഡെൻമാർക്കിനെയും ഇന്ത്യ മറികടന്നു.
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. അവസാനം ഓഡിറ്റ് നടന്ന 2018ല്‍ 69.95 ശതമാനമായിരുന്ന സ്‌കോര്‍ നാല് വര്‍ഷം കഴിയുമ്പോള്‍ 85.49 ശതമാനമായി ഉയര്‍ന്നു. 2018ല്‍ 102-ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന(49)യുടെ റാങ്കിങ്. ഓഡിറ്റ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളുവെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ അറിയിച്ചു.
നിയമനിർമ്മാണം, ഘടന, വ്യക്തിഗത ലൈസൻസിംഗ്, ഓപ്പറേറ്റിംഗ് സമ്പ്രദായങ്ങൾ, ആകാശയാത്രയുടെ യോഗ്യത, വിമാനത്താവളങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഓഡിറ്റ് നടത്തിയത്. ഡൽഹി വിമാനത്താവളം, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് കണ്‍ട്രോള്‍, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സിഎൻഎസ് എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷമാണ് ഐക്യരാഷ്ട്രസംഘടനയുടെ സംഘം ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്ക് മികച്ച റാങ്കിംഗ് നേടാനായത്.