Spread the love

ന്യൂ ഡൽഹി: എഐസിസി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങൾ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതാണെന്നും പല ആവശ്യങ്ങൾക്കായായിരുന്നു ഡൽഹി യാത്രയെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തർക്കങ്ങളും നിലനിൽക്കുന്നതിനിടെയാണ് കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ നിർണായക നീക്കം. മുതിർന്ന നേതാവ് എ.കെ ആന്‍റണിയെ ചർച്ചയ്ക്കായി ഡൽഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. അശോക് ഗെഹ്ലോട്ടിന് പകരം പുതിയ പേരുകൾ സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചതിന് പിന്നാലെയാണ് സോണിയ ഗാന്ധി ആന്‍റണിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗങ്ങളുടെയും സമവായമുള്ള നേതാവിനെ കണ്ടെത്താൻ കഴിയാത്തതിനാൽ പ്രവർത്തക സമിതിയിലെ മുതിർന്ന അംഗമായ എ.കെ.ആന്‍റണിയെ ഡൽഹിയിൽ എത്തിച്ച് സമവായ നീക്കമാണ് കോൺഗ്രസ് ഹൈക്കമാൻഡ് നടത്തുന്നത്.

അതേസമയം, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രതികരിച്ചു. മത്സരിക്കുമോ എന്ന ചോദ്യത്തിന് 30 വരെ കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു സിംഗിന്‍റെ മറുപടി. രാജസ്ഥാനിലെ പ്രതിസന്ധിയോട് താൻ പ്രതികരിക്കുന്നില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. 

By newsten