Spread the love

ഗുഹാവത്തി: ആഫ്രിക്കൻ പന്നിപ്പനി രാജ്യത്ത് വീണ്ടും റിപ്പോർട്ട് ചെയ്തു. അസമിലെ ദിബ്രുഗഡിലെ ഭോഗാലി പഥർ ഗ്രാമത്തിനുള്ളിലെ പന്നിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. മുൻകരുതൽ നടപടിയെന്ന നിലയിൽ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പന്നികളെയും കൊന്നൊടുക്കിയതായി ദിബ്രുഗഡിലെ മൃഗസംരക്ഷണ വെറ്ററിനറി ഓഫീസർ ഡോ.ഹിമന്ദു ബികാഷ് ബറുവ വ്യക്തമാക്കി.

” ആദ്യം ഒരു കിലോമീറ്റർ വരെയുള്ള പ്രദേശം രോഗബാധയുള്ളതായി പ്രഖ്യാപിച്ചു. നിയമപ്രകാരം, അണുബാധയുള്ള പ്രദേശത്തെ എല്ലാ പന്നികളെയും കൊന്ന് കുഴിച്ചുമൂടി. അതേസമയം പ്രദേശം മുഴുവൻ അണുവിമുക്തവുമാക്കി” അദ്ദേഹം പറഞ്ഞു. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ആഫ്രിക്കൻ പന്നിപ്പനി മാരകമാണ്, പന്നികൾക്കിടയിൽ വളരെ വേഗത്തിൽ പടരുന്നു, പക്ഷേ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയില്ല.

സർക്കാർ കണക്കുകൾ പ്രകാരം, 2020 നും ഈ വർഷം ജൂലൈ 11 നും ഇടയിൽ സംസ്ഥാനത്ത് 40,159 പന്നികൾ പനി ബാധിച്ച് മരിച്ചു, മുൻകരുതലിന്‍റെ ഭാഗമായി 1,181 പന്നികളെ കൊന്നൊടുക്കി. അസം, മിസോറാം, സിക്കിം, നാഗാലാൻഡ്, ത്രിപുര, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിൽ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം വളരെ സാംക്രമികമായതിനാലും വാക്സിൻ ഇല്ലാത്തതിനാലും പന്നിയിറച്ചി കഴിക്കുന്നത് ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By newsten