കൊച്ചി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഇന്നലെ രാജ്യസഭയിൽ നടന്നത് സ്വകാര്യ ബില്ലിൻമേലുള്ള പ്രാഥമിക ചർച്ച മാത്രമാണെന്ന് കോണ്‍ഗ്രസ് എംപി ജെബി മേത്തർ പറഞ്ഞു. മൂന്ന് കോണ്‍ഗ്രസ് എംപിമാരും ഈ വിഷയത്തിൽ സഭയിൽ ശക്തമായി പ്രതികരിച്ചു. വിഷയത്തിൽ കോണ്‍ഗ്രസിന് ശക്തമായ നിലപാടുണ്ടെന്നും അവർ പറഞ്ഞു.
ഈ വിഷയം വിവാദമാക്കേണ്ട ആവശ്യമില്ല. കൂടുതൽ കോൺഗ്രസ് നേതാക്കൾ ചർച്ചയിൽ പങ്കെടുത്തില്ലെന്ന ആരോപണത്തിന് മറുപടിയില്ല. പങ്കെടുത്തവരെല്ലാം കോണ്‍ഗ്രസിന്‍റെ നയം വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ രാജ്യസഭയിലെ വളരെ ജൂനിയർ അംഗമാണ്. പിവി അബ്ദുൾ വഹാബ് എംപിയുടെ വിമർശനങ്ങൾക്ക് കോണ്‍ഗ്രസ് നേതൃത്വം മറുപടി നൽകും.
അതേസമയം, സിവിൽ കോഡ് പ്രൈവറ്റ് മെമ്പർ ബില്ലിൻമേലുള്ള ചർച്ചയുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് കോണ്‍ഗ്രസിനെതിരായ വിമർശനമല്ലെന്ന് പി വി അബ്ദുൾ വഹാബ് പറഞ്ഞു. കോണ്‍ഗ്രസിന്‍റെ ഭാഗത്ത് ഒരാൾ പോലും ഉണ്ടായിരുന്നില്ല. ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടന്നപ്പോഴും ആരുമുണ്ടായിരുന്നില്ല. ജെബി മേത്തർ ഉൾപ്പെടെ രണ്ടോ മൂന്നോ കോണ്‍ഗ്രസ് എംപിമാർ ഓടിയെത്തിയത് ഞാൻ പറഞ്ഞതിന് ശേഷമാണ്. അത് ഞാൻ പറഞ്ഞതുകൊണ്ടാണോ എന്നെനിക്കറിയില്ല,” അദ്ദേഹം പറഞ്ഞു.