കോഴിക്കോട്: ഡോക്ടർ, ശസ്ത്രക്രിയ കഴിഞ്ഞ് മുമ്പത്തെപ്പോലെ എനിക്ക് കളിക്കളത്തിൽ തിരിച്ചെത്താൻ കഴിയുമോ?
ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് കാത്ത്കിടക്കുമ്പോൾ 63കാരനായ ഈസ്റ്റ്ഹിൽ മാപ്പാല വാസുദേവന്റെ ചോദ്യം. ആറ് മാസത്തെ വിശ്രമത്തിന് ശേഷം എല്ലാം പഴയതുപോലാകുമെന്ന് ഡോക്ടറും ഉറപ്പ് നൽകി.
ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടിയവരിൽ ബഹുഭൂരിപക്ഷവും വിശ്രമജീവിതം നയിക്കേണ്ടി വരുമെന്ന ധാരണ തിരുത്തി 65-ാം വയസ്സിൽ നാഷണൽ മാസ്റ്റേഴ്സ് മത്സരത്തിൽ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും സ്വർണം നേടി അദ്ദേഹം ചരിത്രമെഴുതി.2020 ജൂണിൽ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ചികിത്സ തേടിയ വാസുദേവനോട് ഹൃദയ വാൽവ് മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹാർട്ട് ആൻഡ് വാസ്കുലർ കെയറിലെ ഡോ.അലി ഫൈസലും,ഡോ. മുരളി.പി.വെട്ടത്തും പറഞ്ഞു.
ആറ് മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെങ്കിലും വാസുദേവൻ ഒരു വർഷത്തിലധികം വിശ്രമിക്കുകയും മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരങ്ങളിൽ വീണ്ടും സജീവമാകുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിലും ഡിസ്കസ് ത്രോയിലും സ്വർണം കരസ്ഥമാക്കിയാണ് അദ്ദേഹം ഹൃദയത്തിന്റെയും, മനസ്സിന്റെയും കരുത്ത് തെളിയിച്ചത്.