ഷിംല: ഹിമാചൽ പ്രദേശിൽ 30 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു. 30 പേരെയും അടുത്ത ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് ലഭിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ നടപടിയെന്ന് സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രതിഭാ സിംഗ് പറഞ്ഞു. ധീരേന്ദർ സിംഗ് ചൗഹാൻ, സന്തോഷ് ദോർഗ, കുൽദീപ് ഒക്ത, അനീഷ് ദിവാൻ എന്നിവരെയാണ് പുറത്താക്കിയത്. ഇവരെല്ലാം ഷിംല ജില്ലയിൽ നിന്നുള്ളവരാണ്.
നവംബർ 12ന് നടന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത് വ്യാഴാഴ്ചയാണ്. 68 സീറ്റുകളിലേക്കാണ് മത്സരം. ബിജെപിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമുണ്ടാകുമെന്നും ബിജെപിക്ക് നേരിയ വിജയസാധ്യതയുണ്ടെന്നും എക്സിറ്റ് പോളുകൾ പറയുന്നു.