കൊച്ചി: അരലക്ഷത്തിലധികം ജനസംഖ്യയുള്ളതും റെയിൽവേ സൗകര്യമില്ലാത്തതുമായ നഗരങ്ങളിലേക്ക് പുതിയ പാതകൾ നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നു. കേരളത്തില്‍ നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് റെയിൽവേ ബോർഡിന്റെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്. ഇതിന്റെ സാധ്യതകൾ പഠിക്കാൻ സോണൽ റെയിൽവേ ഓഫീസുകൾക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകി. ഡിസംബർ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കണം.
52,405 ജനസംഖ്യയുള്ള തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വിശദാംശങ്ങൾ അടങ്ങിയ ഫോർമാറ്റാണ് പ്രായോഗികത പഠിക്കാൻ റെയിൽവേ ബോർഡ് നൽകിയിരിക്കുന്നത്. നിലവിൽ അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ഭാഗമാണ് തൊടുപുഴ. അതുകൊണ്ടാണ് തൊടുപുഴയെ പുതിയ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്താത്തത്. ശബരിമല പാതയ്ക്ക് വേഗത്തിൽ അനുമതി ലഭിക്കുന്നതിനും പുതിയ നീക്കം വഴിയൊരുക്കിയേക്കും.
ഗതാഗത വികസനത്തിനുള്ള പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയിൽ ശബരിപാതയെ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിർദ്ദിഷ്ട ശബരി പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുള്ള നെടുമങ്ങാടും (ജനസംഖ്യ 60,161) സാധ്യതാ പട്ടികയിലുണ്ടാകും.