ന്യൂഡല്‍ഹി: 2019ൽ അഞ്ച് തരം ബാക്ടീരിയകൾ ഇന്ത്യയിൽ 6,78,846 പേരുടെ ജീവൻ അപഹരിച്ചതായി മെഡിക്കൽ ജേണൽ ലാൻസെറ്റിൻ്റെ റിപ്പോർട്ട്. എഷ്ചെറിഷ്യ കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലെബ്സിയെല്ല ന്യുമോണിയേ, സ്റ്റഫൈലോകോക്കസ് ഓറിയസ്, അസിനെറ്റോ ബാക്റ്റര്‍ ബോമനി എന്നിവയാണ് ഈ കൊലയാളി ബാക്ടീരിയകൾ.
2019ൽ ലോകത്ത് എട്ടിൽ ഒരാൾ ബാക്ടീരിയ ബാധ മൂലം മരിച്ചതായാണ് റിപ്പോർട്ട്. ഇസ്കെമിക് ഹൃദ്രോഗം (കൊറോണറി ഹൃദ്രോഗം) കഴിഞ്ഞാൽ, ആ വർഷം ലോകത്തിലെ ഏറ്റവും സാധാരണമായ രണ്ടാമത്തെ മരണ കാരണം ബാക്ടീരിയ അണുബാധയാണ്. 33 ഇനം ബാക്ടീരിയകൾ മൂലം 7.7 ദശലക്ഷം മനുഷ്യ ജീവനുകൾ ആണ് പൊലിഞ്ഞത്. ഇതിൽ 5 വിധം ബാക്ടീരിയകളാണ് പകുതിയിലധികം മരണങ്ങൾക്കും കാരണമായത്.
വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്ന ഇ.കോളിയാണ് ഇന്ത്യയിൽ 1,57,082 പേരുടെ മരണത്തിനു കാരണം. 2019ൽ ലോകത്തിലെ ഏറ്റവും കൂടുതൽ ജീവൻ എടുത്ത ബാക്ടീരിയകളായിരുന്നു ഇ.കോളിയും എസ്.ഔറിയസും.