ന്യൂ ഡൽഹി: കേരളം, ജമ്മു കശ്മീർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ പ്രതിദിന വേതന നിരക്കിൽ മുന്നിൽ. ആർബിഐ പുറത്തുവിട്ട പുതിയ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ സംസ്ഥാനങ്ങൾ മുന്നിലെത്തിയത്. അതേസമയം, വേതനം കുറവുള്ള വ്യവസായിക സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ നിക്ഷേപം ആകർഷിക്കുന്നതിൽ മുൻപന്തിയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആർബിഐയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ നിർമ്മാണ തൊഴിലാളികളുടെ ശരാശരി ദിവസ വേതനം ത്രിപുര, മധ്യപ്രദേശ് തുടങ്ങിയ ഏറ്റവും കുറഞ്ഞ ശമ്പളമുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വരും.
ത്രിപുരയിൽ ഇത് 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ഒരു നിർമ്മാണത്തൊഴിലാളിക്ക് പ്രതിദിനം ശരാശരി 837.3 രൂപ ദിവസ വേതനം ലഭിക്കുന്നുണ്ടെന്നാണ് സെൻട്രൽ ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.