ന്യൂഡല്‍ഹി: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചു. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു നിലവിൽ ബംഗാളിന്റെ ചുമതല. മേഘാലയ സർക്കാറിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി. ആനന്ദബോസ്. 2019ൽ ബി.ജെ.പിയിൽ ചേർന്ന ഇദ്ദേഹം കോട്ടയം മാന്നാനം സ്വദേശിയാണ്.
ജില്ല കലക്ടർ, പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്. യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവായിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധികൾ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ തലവൻ ഡോ. സി.വി. ആനന്ദബോസായിരുന്നു. നോവലുകൾ, ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി 32 പുസ്തകങ്ങൾ ബോസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.