2021-22 ൽ അമേരിക്കയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 19 ശതമാനം വർധനവ്. മുൻ വർഷം 13 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഈ വർഷം എണ്ണം കൂടിയത്. സ്റ്റുഡന്റ് വിസയുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നതായി യുഎസ് എംബസി അറിയിച്ചു.
2022 ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 82,000 ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്കാണ് യുഎസ് വിസ അനുവദിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിസയുള്ളവരുടെ എണ്ണം 62,000 ആയിരുന്നു. ഈ വർഷം ഇതുവരെ, യുഎസ് ഇന്ത്യയിൽ 100,000 ലധികം സ്റ്റുഡന്റ് വിസയാണ് അനുവദിച്ചത്. ആഗോളതലത്തിൽ 2022 ൽ ഇതുവരെ 5,80,000 സ്റ്റുഡന്റ് വിസയാണ് അമേരിക്ക അനുവദിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾ കാരണം 50,000 ചൈനീസ് വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ വർഷം യുഎസ് വിസ ലഭിച്ചത്. സാധാരണ വർഷങ്ങളിൽ, 110,000-120,000 ചൈനീസ് വിദ്യാർത്ഥികൾക്ക് യുഎസ് വിസ നൽകുന്നു. 2021-22 ലെ കണക്കനുസരിച്ച് 9.5 ലക്ഷം വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉള്ളത്. ഈ കാലയളവിൽ, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 80 ശതമാനം ആണ് വർധിച്ചത്. മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്മെന്റ് എന്നിവയാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന പ്രധാന പഠന മേഖലകൾ.