ന്യൂഡല്‍ഹി: വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നുവെന്നത് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വ്യക്തിപരമായ അഭിപ്രായമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അവകാശം നിയമം പരിഗണിച്ചാണ് അംഗീകരിച്ചത്.
2020 ജൂലൈ 13ന് ജസ്റ്റിസുമാരായ യു.യു.ലളിത്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണാവകാശത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ അധികാരം ഉയർത്തിപ്പിടിക്കുന്ന സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചപ്പോൾ താനും ജസ്റ്റിസ് യു.യു ലളിതും ചേർന്ന് ക്ഷേത്രം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം തടഞ്ഞതായി അവകാശപ്പെട്ടു. വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങൾ പിടിച്ചെടുക്കാൻ കമ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നുവെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇന്ദു മൽഹോത്രയുടെ പരാമർശങ്ങൾ മുൻ ചീഫ് ജസ്റ്റിസ് യു.യു ലളിത് തള്ളി.
സവിശേഷ വസ്തുതകളും കേസുമായി ബന്ധപ്പെട്ട നിയമവും പരിഗണിച്ചാണ് വിധിയെഴുതിയത്. തിരുവിതാംകൂർ, കൊച്ചി ഹിന്ദു ആരാധനാലയ നിയമം പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ ഭരണനിർവഹണത്തിൻ തിരുവിതാംകൂർ രാജകുടുംബത്തിന് അധികാരം നൽകുന്നു. അതുകൊണ്ടാണ് തിരുവിതാംകൂർ രാജകുടുംബത്തിന് ക്ഷേത്രത്തിന്‍റെ നടത്തിപ്പ് അവകാശങ്ങൾക്ക് മേൽ അധികാരമുണ്ടെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയതെന്ന് സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് യു.യു.ലളിത് പറഞ്ഞു.