ന്യൂഡൽഹി: എച്ച്.ഐ.വി. ബാധിയുണ്ടോ എന്ന് സ്വയം പരിശോധിച്ചറിയാനുള്ള കിറ്റ് ഡിസംബറിൽ പുറത്തിറക്കും. 20 മിനിറ്റിൽ ഫലമറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉമിനീരോ രക്തസാംപിളുകളോ ആണ് പരിശോധിക്കുക.
സ്വയംപരിശോധനാ കിറ്റിന്റെ സ്വീകാര്യത സംബന്ധിച്ച് നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനുമായി സഹകരിച്ച് ഒരു ദേശീയ പഠനം സംഘടിപ്പിച്ചിരുന്നു. ഉയർന്ന നിരക്കിൽ എച്ച്ഐവി അണുബാധിതരുള്ള 14 സംസ്ഥാനങ്ങളിലെ 50 ജില്ലകളിലാണ് പഠനം നടത്തിയത്. ഏകദേശം 93,500 ആളുകൾ പഠനത്തിൽ പങ്കെടുത്തു. സ്വയം പരിശോധനാ കിറ്റ് എളുപ്പത്തിൽ ഉപയോഗിക്കാനും ഫലം കണ്ടെത്താനും കഴിയുമെന്ന് പഠനത്തിൽ പങ്കെടുത്ത 95 ശതമാനം പേരും പറഞ്ഞു.
ഇത്തരം കിറ്റുകൾ ഫാർമസികളിൽ എളുപ്പത്തിൽ ലഭ്യമാക്കുകയും ഗർഭധാരണ പരിശോധന പോലെ സാധാരണമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. നിലവിൽ ലഭ്യമായ പരിശോധനകൾ നടത്താൻ വിമുഖത കാണിക്കുന്നവർക്ക് രോഗം കണ്ടെത്തുന്നത് എളുപ്പമാക്കാൻ ഇത്തരം കിറ്റുകൾ സഹായിക്കുമെന്ന് പഠനം നടത്തിയ പാത്ത് എന്ന എൻ.ജി.ഒയുടെ വക്താവായ ഡോ.ആശാ ഹെഗ്ഡെ പറയുന്നു.